നിങ്ങള്‍ക്കു നല്ലത്
ലോകമെമ്പാടുമുള്ള ജനങ്ങള്‍ 2016 ല്‍ ചോക്ലേറ്റിനുവേണ്ടി 9,800 കോടി രൂപ ചിലവഴിച്ചു എന്നു കണക്കാക്കപ്പെടുന്നു. കണക്ക് അമ്പരപ്പിക്കുന്നതാണ് എങ്കിലും അതിശയകരമല്ല. ഒന്നുമല്ലെങ്കിലും ചോക്ലേറ്റ് രുചികരവും അതു ഭക്ഷിക്കുന്നത് നമുക്കിഷ്ടവുമാണ്. മധുരമുള്ള ഈ വിഭവം ആരോഗ്യത്തിനും നല്ലതാണ് എന്നു മനസ്സിലാക്കുമ്പോള്‍ ലോകം ഒന്നിച്ചു സന്തോഷിക്കുന്നത് സ്വാഭാവികമാണ്. ശരീരത്തെ പെട്ടെന്നു വാര്‍ദ്ധക്യം ബാധിക്കുന്നതിനെയും ഹൃദ്രോഗങ്ങളെയും തടയുന്നതിനു സഹായകമായ ഫ്‌ളേവനോയിഡുകള്‍ ചോക്ലേറ്റില്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിനുള്ള മറ്റൊരു മരുന്നും ഇതുപോലെ സ്വീകരിക്കപ്പെടുകയോ ശ്രദ്ധിക്കപ്പെടുകയോ ചെയ്തിട്ടില്ല (ആധുനിക കാലത്ത് തീര്‍ച്ചയായും!).
റദ്ദാക്കിയ കടങ്ങള്‍
2009 ല്‍, ലോസ് ആഞ്ചലസ് കൗണ്ടി, കുട്ടികളെ തടവില്‍ പാര്‍പ്പിക്കുന്നതിനുള്ള ചിലവ് കുടുംബങ്ങളില്‍ നിന്ന് ഈടാക്കുന്നതു നിര്‍ത്തലാക്കി. എങ്കിലും മുന്‍പ് ഇളവ് പ്രഖ്യാപിക്കുന്നതിനു മുമ്പു ചുമത്തപ്പെട്ട ഫീസില്‍ കുടിശ്ശിക വരുത്തിയവര്‍ അത് അടയ്ക്കണമായിരുന്നു. അങ്ങനെ 2018 ല്‍ സകല ബാധ്യതകളും കൗണ്ടി റദ്ദാക്കി.
ചില കുടുംബങ്ങള്‍ക്ക്, കടം റദ്ദാക്കിയത് അവരുടെ കഷ്ടപ്പാടുകള്‍ക്കു നടുവില്‍ വലിയ ആശ്വാസമായി. അരുടെ വസ്തുവിന്മേലോ ശമ്പളത്തിന്മേലോ ബാധ്യതകളില്ലാതായത് അവരുടെ മേശയില്‍ ഭക്ഷണം എത്തുന്നതിനു കാരണമായി. ഇത്തരത്തിലുള്ള കഷ്ടപ്പാടുകളുടെ മധ്യത്തിലാണ് ഓരോ ഏഴു വര്‍ഷം കൂടുമ്പോഴും കടം ഇളച്ചുകൊടുക്കാന്‍ ദൈവം കല്പിച്ചത് (ആവര്‍ത്തനപുസ്തകം 15:2). അവ ജനത്തെ എല്ലാക്കാലത്തും തളര്‍ത്താന്‍ ദൈവം ആഗ്രഹിച്ചില്ല.
യിസ്രായേല്യ സഹോദരന്മാര്‍ക്കു നല്‍കുന്ന പണയത്തിന്മേല്‍ പലിശ ഈടാക്കുന്നതു നിരോധിച്ചിരുന്നതിനാല്‍ (പുറപ്പാട് 22:25). അയല്ക്കാരന് വായ്പ കൊടുക്കുന്നതിന്റെ ഉദ്ദേശ്യം ലാഭമുണ്ടാക്കുക എന്നതല്ല മറിച്ച് മോശം വിളവ് കാരണം ദാരിദ്ര്യത്തിലായ ഒരാളെ സഹായിക്കുക എന്നതായിരിക്കണം. കടങ്ങള്‍ ഓരോ ഏഴു വര്‍ഷം കൂടുമ്പോഴും സൗജന്യമായി ഇളച്ചുകൊടുക്കണം. തല്‍ഫലമായി, ജനത്തിനിടയില്‍ ദാരിദ്ര്യം കുറയും ((ആവര്‍ത്തനപുസ്തകം 15:4).
ഇന്ന്, യേശുവിലുള്ള വിശ്വാസികള്‍ ഈ നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരല്ല. എങ്കിലും, സമൂഹത്തിനു സംഭാവന നല്‍കുന്ന വ്യക്തികളായി ചിലരെ ഉയര്‍ത്തിയെടുക്കുന്നതിനായി അവരുടെ കടം ഇളച്ചുകൊടുക്കാന്‍ ദൈവം പലപ്പോഴായി നമ്മെ ഉദ്യമിപ്പിക്കാറുണ്ട്. മറ്റുള്ളവര്‍ക്ക് അത്തരം കരുണയും ഔദാര്യവും നാം കാണിക്കുമ്പോള്‍, നാം ദൈവത്തിന്റെ സ്വാഭവത്തെ ഉയര്‍ത്തിക്കാണിക്കുകയും ജനത്തിന് പ്രത്യാസ നല്‍കുകയും ചെയ്യുന്നു.
സമ്മാനത്തിനായി ലക്ഷ്യം വയ്ക്കുക
ഫോറസ്റ്റ് ഗമ്പ് എന്ന 1994 ലെ കാല്‍പ്പനിക സിനിമയിലെ ഫോറസ്റ്റ് ഓട്ടക്കാരന്‍ എന്ന നിലയില്‍ പ്രശസ്തനായിത്തീരുന്നു. 'റോഡിന്റെ അറ്റം വരെ' ഉള്ള ഒരു വ്യായാമ ഓട്ടം എന്ന നിലയില്‍ ആരംഭിച്ചത് മൂന്നു വര്‍ഷവും രണ്ടു മാസവും പതിന്നാലു ദിവസവും പതിനാറു മണിക്കൂറും തുടര്‍ന്നു. ഓരോ സമയത്തും ലക്ഷ്യത്തിലെത്തിക്കഴിയുമ്പോള്‍ അയാള്‍ പുതിയ ലക്ഷ്യം വയ്ക്കുകയും ഓട്ടം തുടരുകയും യുണൈറ്റഡ് സ്‌റ്റേറ്റ്‌സിനു കുറുകെ വളഞ്ഞുപുളഞ്ഞ് ഓടുകയും ചെയ്തു. എങ്കിലും ഒരു ദിവസം അയാള്‍ക്കതു തോന്നിയില്ല. 'അങ്ങനെ തോന്നി' യതുകൊണ്ടാണ് അയാള്‍ ഓട്ടം ആരംഭിച്ചത്. ഫോറസ്റ്റ് പറയുന്നു, ആ ദിവസം പ്രത്യേക കാരണം ഒന്നും കൂടാതെ ഒരല്പം ഓട്ടത്തിനു പോകാന്‍ ഞാന്‍ തീരുമാനിച്ചു.'
ഫോറസ്റ്റിന്റെ വിചിത്രമെന്നു തോന്നുന്ന ഓട്ടത്തില്‍ നിന്നു വ്യത്യസ്തമായി, അപ്പൊസ്തലനായ പൗലൊസ് തന്റെ വായനക്കാരോട് തന്റെ മാതൃക അനുകരിക്കാനും ലക്ഷ്യം 'പ്രാപിക്കാന്തക്കവണ്ണം ഓടുവിന്‍' എന്നും പറയുന്നു (1 കൊരിന്ത്യര്‍ 9:24).ശിക്ഷണം പ്രാപിച്ച അത്‌ലറ്റുകളെപ്പോലെ നമ്മുടെ ഓട്ടം-നമ്മുടെ ജീവിതം നാം ജീവിക്കുന്ന രീതി-നമ്മുടെ ചില സുഖഭോഗങ്ങളോട് ഇല്ല എന്നു പറയുന്നതായിരിക്കണം. നമ്മുടെ അവകാശങ്ങള്‍ വേണ്ടെന്നു വയ്ക്കാന്‍ തയ്യാറാകുന്നത് പാപത്തില്‍ നിന്നും മരണത്തില്‍നിന്നുമുള്ള നമ്മുടെ വിടുതലിന്റെ സുവാര്‍ത്തയുമായി മറ്റുള്ളവരുടെ അടുത്തേക്കു പോകുവാന്‍ നമ്മെ സഹായിക്കും.
നമ്മോടൊപ്പം ഓട്ടം ഓടുവാന്‍ മറ്റുള്ളവരെ ക്ഷണിക്കുക എന്ന ലക്ഷ്യത്തില്‍ നമ്മുടെ ഹൃദയത്തെയും മനസ്സിനെയും പരിശീലിപ്പിക്കുമ്പോള്‍ ആത്യന്തിക പ്രതിഫലത്തെക്കുറിച്ച് നമുക്ക് ഉറപ്പും ലഭിക്കും - ദൈവത്തോടൊത്തുള്ള നിത്യമായ കൂട്ടായ്മ. ദൈവം നല്‍കുന്ന വിജയ കിരീടം ഒരിക്കലും വാടാത്തതാണ്. അവന്റെ ശക്തിയില്‍ ആശ്രയിച്ചുകൊണ്ട് അവനെ മറ്റുള്ളവര്‍ക്ക് അറിയിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ ജീവിത ഓട്ടം പൂര്‍ത്തിയാക്കുമ്പോള്‍ അവന്‍ അതു നമുക്കു നല്‍കും. ഓടാനുള്ള എത്ര നല്ല കാരണമാണത്്!
തെരുവു സംഘത്തില്‍ ചേരുക
സാന്‍ഫ്രോന്‍സിസ്‌കോ നഗരത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍, കറുപ്പിന് അടിമപ്പെട്ട ഭവനരഹിതരായ ആളുകളെ ചികിത്സിക്കുന്നതിനുള്ള മരുന്നുകള്‍ വിതരണം ചെയ്തുകൊണ്ട് ആരോഗ്യപരിപാലനത്തിനായി തെരുവുകളിലേക്കു പോയിരുന്നു. മയക്കുമരുന്നു കുത്തിവയ്ക്കുന്ന ഭവനരഹിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതിനെത്തുടര്‍ന്നാണ് ആ പദ്ധതി ആരംഭിച്ചത്. സാധാരണയായി രോഗികള്‍ ക്ലിനിക്കിലേക്കു വരുന്നതിനായി ഡോക്ടര്‍ കാത്തിരിക്കുകയാണു ചെയ്യുന്നത്. പകരം കഷ്ടപ്പെടുന്നവര്‍ക്ക് ആതുരസേവനം അവരുടെയടുത്ത് എത്തിക്കുന്നതിലൂടെ, രോഗികള്‍ക്ക് യാത്രാക്ലേശം സഹിച്ച് ആശുപത്രിയില്‍ എത്തേണ്ടിവരികയോ ഒരു അപ്പോയ്ന്റ്‌മെന്റ് ഓര്‍ത്തിരിക്കയോ ചെയ്യേണ്ടിവരുന്നില്ല.
ശുശ്രൂഷ ആവശ്യമുള്ളവരുടെ അടുത്തേക്ക് ചെല്ലാനുള്ള ആരോഗ്യപ്രവര്‍ത്തകരുടെ മനസ്സ്, നമ്മുടെ ആവശ്യത്തില്‍ യേശു നമ്മുടെയടുത്തേക്കു വന്നതിനെയാണ് എന്നെ ഓര്‍മ്മിപ്പിക്കുന്നത്. അവന്റെ ശുശ്രൂഷയില്‍, മതനേതാക്കള്‍ അവഗണിച്ച ആളുകളെ യേശു തേടിച്ചെന്നു; അവന്‍ 'ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകയും കുടിക്കുകയും' ചെയ്തു (വാ. 16). എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നു എന്നു ചോദിച്ചപ്പോള്‍ അവന്റെ മറുപടി, 'ദീനക്കാര്‍ക്കല്ലാതെ സൗഖ്യമുള്ളവര്‍ക്കു വൈദ്യനെക്കൊണ്ട് ആവശ്യമില്ല' (വാ. 17) എന്നായിരുന്നു. നീതിമാന്മാരെയല്ല, പാപികളെയാണ് താനുമായുള്ള ബന്ധത്തിലേക്കു വിളിക്കാനായി താന്‍ വന്നത് എന്ന് അവന്‍ തുടര്‍ന്നു പറഞ്ഞു.
നാം എല്ലാവരും 'ദീന'ക്കാരും വൈദ്യനെ ആവശ്യമുള്ളവരും എന്നു മനസ്സിലാക്കുമ്പോഴാണ് (റോമര്‍ 3:10) 'ചുങ്കക്കാരോടും പാപികളോടും' കൂടെ - നമ്മോടു കൂടെ - തിന്നുകയും കുടിക്കുകയും ചെയ്യാനുള്ള യേശുവിന്റെ മനസ്സിനെ നന്നായി അഭിനന്ദിക്കാന്‍ നമുക്കു കഴിയുന്നത്. അതിനു പകരം, സാന്‍ഫ്രാന്‍സിസ്‌കോയിലെ ആരോഗ്യ പ്രവര്‍ത്തകരെപ്പോലെ, ആവശ്യത്തിലിരിക്കുന്ന മറ്റുള്ളവര്‍ക്ക് അവന്റെ രക്ഷയുടെ സന്ദേശം എത്തിച്ചുകൊടുക്കുന്നതിനായി നമ്മെ അവന്റെ 'തെരുവു സംഘ'മായി അവന്‍ നിയമിച്ചിരിക്കുന്നു.
സത്യം: കൈപ്പോ മധുരമോ?
കൈപ്പുള്ള ഒരു ഗുളിക വിഴുങ്ങുവാന്‍ ദൈവം യെഹെസ്‌കേലിനോടു പറഞ്ഞു-വിലാപങ്ങളും കഷ്ടവും എഴുതിയ ഒരു ചുരുള്‍ ആയിരുന്നു അത് (യെഹെസ്‌കേല്‍ 2:10; 3:1-2). അതുകൊണ്ട് അവന്‍ 'ഉദരം നിറയ്ക്കുകയും' 'ധാര്‍ഷ്ട്യവും ദുശ്ശാഠ്യവും' ഉള്ള ജനം (2:4) എന്നു ദൈവം പറഞ്ഞ യിസ്രായേലിനെ അതിലെ വചനങ്ങള്‍ കേള്‍പ്പിക്കയും വേണമായിരുന്നു. തിരുത്തലിനുള്ള വചനങ്ങള്‍ അടങ്ങിയ ചുരുള്‍ കൈപ്പുള്ളതായിരിക്കുമെന്നാണ് ഒരുവന്‍ പ്രതീക്ഷിക്കുന്നത്. എങ്കിലും അതു തന്റെ വായ്ക്ക് 'തേന്‍പോലെ മധുരമായിരുന്നു' എന്നു യെഹെസ്‌കേല്‍ വിവരിക്കുന്നു (3:3).
ദൈവിക തിരുത്തലുകള്‍ക്ക് ഒരു സ്വാദ് യെഹെസ്‌കേല്‍ ആര്‍ജ്ജിച്ചു എന്നു തോന്നുന്നു. അവന്റെ ശാസനയെ ഒഴിവാക്കേണ്ട ഒന്ന് ആയി കരുതുന്നതിനു പകരം, ആത്മാവിനു നല്ലതായിരിക്കുന്നത് 'മധുരമുള്ളതാണ്' എന്ന് യെഹെസ്‌കേല്‍ തിരിച്ചറിഞ്ഞു. ദൈവം മഹാസ്‌നേഹത്തോടെ നമ്മെ പ്രബോധിപ്പിക്കുകയും തിരുത്തുകയും അവനെ മാനിക്കുകയും പ്രസാദിപ്പിക്കുകയും ചെയ്യുന്ന തരത്തില്‍ ജീവിക്കുവാന്‍ നമ്മെ സഹായിക്കുകയും ചെയ്യുന്നു.
ചില സത്യങ്ങള്‍ കൈപ്പുള്ള ഗുളികകള്‍ പോലെയാണ്, ചിലത് മധുരമുള്ളതും. ദൈവം നമ്മെ എത്രത്തോളം സ്‌നേഹിക്കുന്നു എന്നു നാം ഓര്‍ക്കുമ്പോള്‍, അവന്റെ സത്യം തേന്‍പോലെ മധുരമായിത്തീരും. അവന്റെ വചനങ്ങള്‍ നമുക്കു ഗുണത്തിനായി നല്‍കപ്പെടുകയും, മറ്റുള്ളവരോടു ക്ഷമിക്കുവാനും പരദൂഷണത്തില്‍നിന്ന് ഒഴിഞ്ഞിരിക്കുവാനും തെറ്റായ പെരുമാറ്റങ്ങളെ സഹിക്കുവാനും ആവശ്യമായ ജ്ഞാനവും ശക്തിയും നമുക്കു നല്‍കുകയും ചെയ്യുന്നു. കര്‍ത്താവേ, അങ്ങയുടെ ജ്ഞാനത്തെ മധുരമുള്ള ആലോചനപോലെ - അതങ്ങനെതന്നെയാണ് - അംഗീകരിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ.
നീല രേഖകള്‍
മലഞ്ചരിവിലൂടെ താഴേക്കുള്ള സ്‌കീയിംഗ് പലപ്പോഴും അടയാളപ്പെടുത്തുന്നത് മഞ്ഞില്‍ നീല പെയിന്റ് സ്പ്രേ ചെയ്തുണ്ടാക്കുന്ന രേഖകളിലൂടെയാണ്. പരുക്കന്‍ വളവുകള്‍ കാഴ്ചക്കാരുടെ ശ്രദ്ധ തിരിച്ചുകളയുമെങ്കിലും മത്സരാര്‍ത്ഥികളെ സംബന്ധിച്ച് അവരുടെ വിജയത്തിനും സുരക്ഷിതത്വത്തിനും അവ നിര്‍ണ്ണായകമാണ്. ഏറ്റവും വേഗത്തില്‍ മലയടിവാരത്തിലെത്തുന്നതിനുള്ള മാര്‍ഗ്ഗം കാണിച്ചുകൊടുക്കാന്‍ ഈ പെയിന്റ് പ്രയോജനപ്പെടുന്നു. കൂടാതെ, മഞ്ഞിന്റെ പശ്ചാത്തലത്തിലുള്ള പെയിന്റ് മത്സരാര്‍ത്ഥികള്‍ക്ക് ആഴമായ ഉള്‍ക്കാഴ്ച നല്‍കുന്നു - അതിവേഗതയില്‍ സഞ്ചരിക്കുന്ന അവര്‍ക്ക് ആ ഉള്‍ക്കാഴ്ച അത്യാവശ്യമാണ്.
ജീവിതത്തിന്റെ ഓട്ടത്തില്‍ തന്റെ പുത്രന്മാര്‍ സുരക്ഷിതരായിരിക്കണം എന്ന പ്രതീക്ഷയില്‍ അവര്‍ ജ്ഞാനം അന്വേഷിക്കുവാന്‍ ശലോമോന്‍ തന്റെ പുത്രന്മാരോട് അപേക്ഷിക്കുന്നു. നീല രേഖകള്‍ പോലെ, ജ്ഞാനം 'നേരെയുള്ള പാതയില്‍' അവരെ നടത്തുകയും ഇടറാതെ അവരെ സൂക്ഷിക്കുകയും ചെയ്യും (സദൃശവാക്യങ്ങള്‍ 4:1-12). പിതാവെന്ന നിലയിലുള്ള അവന്റെ ആഴമായ പ്രതീക്ഷ തന്റെ പുത്രന്മാര്‍ ദൈവിക ജ്ഞാനത്തില്‍നിന്നകലുന്നതുകൊണ്ടു സംഭവിക്കുന്ന തകര്‍ച്ചകളെ ഒഴിവാക്കി സമ്പന്നമായ ജീവിതം നയിക്കണമെന്നതാകുന്നു.
നമ്മുടെ സ്നേഹസമ്പന്നനായ പിതാവായ ദൈവം, വേദപുസ്തകത്തില്‍ ഒരു 'നീല-രേഖ' സഹായി നല്‍കിയിരിക്കുന്നു. നമുക്കിഷ്ടമുള്ളിടത്ത് 'സ്‌കീയിംഗ്' നടത്തുവാന്‍ അവന്‍ നമുക്കു സ്വാതന്ത്ര്യം നല്‍കിയിരിക്കുമ്പോള്‍ തന്നേ, തിരുവെഴുത്തില്‍ അവന്‍ വാഗ്ദാനം ചെയ്തിരിക്കുന്ന ജ്ഞാനം 'അവയെ കിട്ടുന്നവര്‍ക്ക് അവ ജീവന്‍' ആകുന്നു (വാ. 22). നാം തിന്മകളെ വെടിഞ്ഞ് പകരം അവനോടൊപ്പം നടക്കുമ്പോള്‍, നമ്മുടെ പാതകള്‍ അവന്റെ നീതിയാല്‍ പ്രകാശിതമാകുകയും നമ്മുടെ കാലുകള്‍ ഇടറാതെ ഓരോ ദിവസവും നമ്മെ വഴിനടത്തുകയും ചെയ്യും (വാ. 12, 18).
ഒരെണ്ണം സ്വന്തമാക്കിയ മനുഷ്യനോടു ചോദിക്കുക
1900-കളുടെ ആരംഭത്തില്‍, പാക്കാര്‍ഡ് മോട്ടോര്‍ കാര്‍ കമ്പനി ഉപഭോക്താക്കളെ വശീകരിക്കാനായി ഒരു മുദ്രാവാക്യം കണ്ടെത്തി. 'ഒരെണ്ണം സ്വന്തമാക്കിയ മനുഷ്യനോടു ചോദിക്കുക' എന്നത് ശക്തമായ ടാഗ്്‌ലൈന്‍ ആയിമാറുകയും, ആ കാലഘട്ടത്തിലെ മികച്ച ആഢംബരവാഹനം നിര്‍മ്മിക്കുന്ന കമ്പനി എന്ന ബഹുമതി കമ്പനിക്കു നേടിക്കൊടുക്കുകയും ചെയ്തു. വ്യക്തിപരമായ സാക്ഷ്യം കേഴ്‌വിക്കാരനെ കൂടുതല്‍ നിര്‍ബന്ധിക്കും എന്ന യാഥാര്‍ത്ഥ്യം കമ്പനി മനസ്സിലാക്കി; ഒരു ഉല്പന്നത്തെ സംബന്ധിച്ച ഒരു സുഹൃത്തിന്റെ സംതൃപ്തി ശക്തമായ ഒരു സാക്ഷ്യപത്രമാണ്.
നമ്മോടുള്ള ദൈവത്തിന്റെ നന്മയെ സംബന്ധിച്ച നമ്മുടെ വ്യക്തിപരമായ അനുഭവം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് ഒരു സ്വാധീനം ഉളവാക്കും. നമ്മുടെ നന്ദിയും സന്തോഷവും ദൈവത്തോടു മാത്രമല്ല നമുക്കു ചുറ്റുമുള്ളവരോടും പങ്കുവയ്ക്കുവാന്‍ ദൈവം നമ്മെ ആഹ്വാനം ചെയ്യുന്നു (സങ്കീര്‍ത്തനം 66:1). സങ്കീര്‍ത്തനക്കാരന്‍ തന്റെ പാപത്തില്‍ നിന്നും മാനസാന്തരപ്പെട്ടപ്പോള്‍ ദൈവം തനിക്കു നല്‍കിയ പാപക്ഷമയെ തീക്ഷ്ണതയോടെ തന്റെ ഗാനത്തിലൂടെ പങ്കുവച്ചു (വാ. 18-20).
ചരിത്രത്തില്‍ ദൈവം, ചെങ്കടലിനെ വിഭാഗിച്ചതുപോലെയുള്ള അതിശയകരമായ കാര്യങ്ങളെ പ്രവര്‍ത്തിച്ചിട്ടുണ്ട് (വാ. 6). നമ്മുടെ ഓരോരുത്തരുടെയും വ്യക്തിപരമായ ജീവിതത്തിലും അവന്‍ അത്ഭുതങ്ങള്‍ ചെയ്്തിട്ടുണ്ട്; കഷ്ടതയുടെ നടുവില്‍ നമുക്കു പ്രത്യാശ നല്‍കുകയും, അവന്റെ വചനം മനസ്സിലാക്കുവാന്‍ തന്റെ പരിശുദ്ധാത്മാവിനെ നല്‍കുകയും, നമ്മുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്തു. നമ്മുടെ ജീവിതത്തിലെ ദൈവിക പ്രവൃത്തികളുടെ വ്യക്തിപരമായ അനുഭവങ്ങള്‍ മറ്റുള്ളവരുമായി നാം പങ്കുവയ്ക്കുമ്പോള്‍, ഒരു പ്രത്യേക വാങ്ങലിനെ സംബന്ധിച്ച് ഒരു സാക്ഷ്യപത്രം നല്‍കുന്നതിനെക്കാള്‍ ഉന്നതമായ ഒന്നാണ് നാം അവര്‍ക്കു നല്‍കുന്നത് - നാം ദൈവത്തിന്റെ നന്മയെ പ്രകീര്‍ത്തിക്കുകയും ജീവിതയാത്രയില്‍ അന്യോന്യം ധൈര്യപ്പടുത്തുകയും ചെയ്യുകയാണ്.
എന്റെ തലയ്ക്ക് പുറകിലെ കണ്ണുകള്‍
എന്റെ ബാല്യകാലത്തില്‍ ഞാന്‍ ഏതൊരു കുട്ടിയേയും പോലെ കുസൃതിയായിരുന്നു; വഴക്കു കേള്‍ക്കാതിരിക്കാന്‍ എന്റെ പെരുമാറ്റം മറച്ചു വയ്ക്കാനും ശ്രമിച്ചിരുന്നു. എങ്കിലും ഞാന്‍ ചെയ്ത കാര്യം എന്റെ അമ്മ സാധാരണയായി കണ്ടുപിടിച്ചിരുന്നു. എന്റെ കരുത്തക്കേടുകളെ എത്ര പെട്ടെന്നും കൃത്യമായും അവള് അറിഞ്ഞിരുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. അവള് എങ്ങനെയറിഞ്ഞു എന്നു ഞാന്‍ അത്ഭുതപ്പെടുകയും അങ്ങനെ ചോദിക്കുകയും ചെയ്യുമ്പോള്‍ എപ്പോഴും പറയുന്ന മറുപടി, 'എനിക്ക് തലയുടെ പുറകില്‍ കണ്ണുകളുണ്ട്' എന്നായിരുന്നു. ഇത് അമ്മ പുറം തിരിഞ്ഞു നില്ക്കുമ്പോഴൊക്കെ ആ തല പരിശോധിക്കാന്‍ എന്നെ പ്രേരിപ്പിച്ചിരുന്നു - കണ്ണുകള്‍…
കഷണങ്ങള്‍ പങ്കിടുക
അറുപത്തി രണ്ടു വയസ്സുള്ള ഭവനരഹിതനും മുന്‍പട്ടാളക്കാരനുമായ സ്റ്റീവ്, ചൂടു കാലാവസ്ഥയുള്ള ഒരിടത്തേക്ക് താമസം മാറ്റി. വര്‍ഷത്തിലെല്ലാ സമയത്തും വെളിയില്‍ ഉറങ്ങാന്‍ പറ്റുന്നിടമായിരുന്നു അത്. ഒരു സന്ധ്യയ്ക്ക് അദ്ദേഹം താന്‍ കൈകൊണ്ട് വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ - കുറച്ചു പണം സമ്പാദിക്കാനുള്ള ശ്രമത്തില്‍ - ഒരു യുവതി അടുത്ത് വന്ന് ഒരു പിസ്സായുടെ നിരവധി കഷണങ്ങള്‍ നീട്ടി. ആദ്ദേഹം നന്ദിയോടെ സ്വീകരിച്ചു. നിമിഷങ്ങള്‍ക്കകം സ്റ്റീവ് തനിക്ക് ലഭിച്ച സമൃദ്ധി, വിശക്കുന്ന മറ്റൊരു ഭവനരഹിതനുമായി പങ്കിട്ടു, അദ്ദേഹം തനിക്ക് ലഭിച്ചത് ഔദാര്യപൂര്‍വ്വം പങ്കിട്ടത് മനസ്സിലാക്കിയ ആ യുവതി ഉടനെ തന്നെ മറ്റൊരു പാത്രം ഭക്ഷണവുമായി അവിടെ വന്നു.
സ്റ്റീവിന്റെ കഥ, സദൃശവാക്യങ്ങള്‍ 11:25 ല്‍ കാണുന്ന പ്രമാണത്തെ ചിത്രീകരിക്കുന്നു. നാം മറ്റുള്ളവരോട് ഔദാര്യം കാണിക്കുമ്പോള്‍, നാം ഔദാര്യം തിരികെ അനുഭവിക്കും. എന്നാല്‍ തിരിച്ചുകിട്ടും എന്നു പ്രതീക്ഷിച്ചുകൊണ്ടല്ല നാം ഔദാര്യം കാണിക്കേണ്ടത്; അപൂര്‍വ്വമായി മാത്രമേ നമ്മുടെ ഔദാര്യം അയാള്‍ക്ക് കിട്ടിയതുപോലെ ഉടനടി മടക്കി ലഭിക്കാറുള്ളു. മറിച്ച് നാം അത് ചെയ്യുന്നത് ദൈവിക കല്പനയോടുള്ള സ്നേഹപൂര്‍വ്വമായ പ്രതികരണം നിമിത്തമാണ് (ഫിലിപ്പിയര്‍ 2:3-4; 1 യോഹന്നാന് 3:17). നാം അത് ചെയ്യുമ്പോള്‍, ദൈവം പ്രസാദിക്കുന്നു. നമ്മുടെ പേഴ്സുകളും വയറുകളും നിറയ്ക്കാന്‍ യാതൊരു ബാധ്യതയും ഇല്ലെങ്കില്‍ പോലും, നമ്മെ നിറയ്ക്കാന്‍ - ചിലപ്പോള്‍ ഭൗതികമായും മറ്റു ചിലപ്പോള്‍ ആത്മീകമായും - അവന്‍ വഴി കണ്ടെത്തും.
സ്റ്റീവ് തനിക്ക് ലഭിച്ച രണ്ടാമത്തെ പ്ലേറ്റും പുഞ്ചിരിയോടും തുറന്ന കരങ്ങളോടും കൂടെ പങ്കിട്ടു. തനിക്ക് വരുമാന മാര്‍ഗ്ഗങ്ങളില്ലാതിരുന്നിട്ടും, നമുക്ക് വേണ്ടി ശേഖരിച്ചു വയ്ക്കാതെ നമുക്കുള്ളത് മറ്റുള്ളവരുമായി സന്തോഷത്തോടെ പങ്കിടുവാന്‍ മനസ്സുള്ളവരായി ഔദാര്യമനസ്സോടെ ജീവിക്കുക എന്നാല്‍ എന്തെന്ന്, അദ്ദേഹം മാതൃക കാണിച്ചു. ദൈവം നമ്മെ ശക്തീകരിക്കുകയും നയിക്കുകയും ചെയ്യുന്നതനുസരിച്ച് നമ്മെക്കുറിച്ചും അങ്ങനെ പറയാന്‍ ഇടയാകട്ടെ.
നിങ്ങള്‍ക്കായി ഇവിടെ
ലോകത്തിലെ മറ്റെല്ലാ നഗരങ്ങളിലുമെന്നപോലെ, പാരീസിന്റെ പ്രാന്തപ്രദേശങ്ങളിലും ആളുകള്‍ ഭവനരഹിതരായവരുടെ സഹായത്തിന് അവര്‍ പാര്‍ക്കുന്നിടത്ത് എത്താറുണ്ട്. വെള്ളം കയറാത്ത ബാഗുകളിലാക്കിയ വസ്ത്രങ്ങള്‍, തെരുവില്‍ ജീവിക്കുന്നവര്‍ക്ക് എടുക്കാന്‍ പാകത്തിന് അവര്‍ കിടക്കുന്ന സ്ഥലത്തെ വേലികളില്‍ തൂക്കിയിടും. 'ഞാന്‍ കളഞ്ഞുപോയതല്ല; നിങ്ങള്‍ക്ക് തണുക്കുന്നെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടിയാണ്' എന്ന് ബാഗിന്റെ പുറത്ത് എഴുതിയിരിക്കും. ഈ ശ്രമം ഭവനരഹിതര്‍ക്ക് ചുടു പകരുക മാത്രമല്ല, അവരുടെ ഇടയിലെ ആവശ്യക്കാരെ സഹായിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു സമൂഹത്തിലുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നു.
ദരിദ്രരെ കരുതേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു ബൈബിള്‍ ഊന്നിപ്പറയുകയും അവരുടെ മുമ്പില്‍ 'കൈ തുറക്കാന്‍' നമ്മോട് കല്പിക്കുകയും ചെയ്യുന്നു (ആവര്‍ത്തനം 15:11). ദരിദ്രരുടെ കഷ്ടപ്പാടുകളില്‍ നിന്ന് ദൃഷ്ടി പിന്‍വലിക്കാനും നമ്മുടെ സ്രോതസുകളെ പങ്കിടാതെ മുറുകെപ്പിടിക്കാനും നാം പരീക്ഷിക്കപ്പെട്ടേക്കാം. എങ്കിലും നാം എല്ലായ്പ്പോഴും ആവശ്യത്തിലിരിക്കുന്നവരാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്നു തിരിച്ചറിയാനും 'വ്യസന ഹൃദയത്തോടെ' അല്ല (വാ. 10) ഔദാര്യ മനസോടെ അവരോട് പ്രതികരിക്കാനും ദൈവം നമ്മെ ആഹ്വാനം ചെയ്യുന്നു. ദരിദ്രര്‍ക്കു കൊടുക്കുന്നതിലൂടെ നാം സ്വര്‍ഗ്ഗത്തില്‍ നിലനില്‍ക്കുന്ന സമ്പത്ത് സ്വരൂപിക്കുകയാണെന്ന് യേശു പറയുന്നു (ലൂക്കൊസ് 12:33).
നമ്മുടെ ഔദാര്യത്തെ ദൈവമല്ലാതെ മറ്റാരും തിരിച്ചറിഞ്ഞു എന്നു വരില്ല. എങ്കിലും നാം സൗജന്യമായി നല്‍കുമ്പോള്‍, നാം നമുക്ക് ചുറ്റുമുള്ളവരുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുക മാത്രമല്ല, മറ്റുള്ളവര്‍ക്ക് നല്‍കുമ്പോള്‍ നമുക്കുണ്ടാകണമെന്ന് ദൈവമാഗ്രഹിക്കുന്ന സന്തോഷം നാം അനുഭവിക്കുകയും കൂടി ചെയ്യുന്നു.
കര്‍ത്താവേ, ഞങ്ങളുടെ പാതയില്‍ നീ കൊണ്ടുവരുന്ന ആളുകളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി തുറന്ന കണ്ണുകളും തുറന്ന കരങ്ങളും ഉള്ളവരായിരിക്കാന്‍ ഞങ്ങളെ സഹായിക്കേണമേ.